രോഗബാധിതമായി മരിച്ച ഇടതുനേതാവ് ഹ്യൂഗോ ഷാവേസിന്റെ പിൻഗാമിയായി 2013ൽ വെനസ്വേല ഭരിക്കാൻ തുടങ്ങിയ നിക്കൊളാസ് മഡുറോയെ അമേരിക്ക വർഷങ്ങൾക്കു മുന്പേ ലക്ഷ്യമിട്ടു തുടങ്ങിയതാണ്. ഷാവേസിനെപ്പോലെ മഡുറോയും വെനസ്വേലയുടെ എണ്ണസന്പത്തിൽ കൈവയ്ക്കാൻ അമേരിക്കൻ കന്പനികളെ അനുവദിച്ചിരുന്നില്ല. മഡുറോയുടെ പതനത്തിലേക്കു നയിച്ച സംഭവങ്ങൾ ചുവടെ:
2020 മാർച്ച്: മഡുറോ ഭരണകൂടത്തിനെതിരേ അമേരിക്കയുടെ ആദ്യ നടപടി; മഡുറോയ്ക്കും അദ്ദേഹത്തിന്റെ വിശ്വസ്തരായ 14 പേർക്കും എതിരേ മയക്കുമരുന്നു കടത്തൽ, മയക്കുമരുന്ന്-തീവ്രവാദം, അഴിമതി എന്നീ കുറ്റങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് ചുമത്തി. മഡുറോയുടെ അറസ്റ്റിന് സഹായിക്കുന്നവർക്ക് ഒന്നരക്കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.
2020 മേയ്: മഡുറോയെ പിടികൂടാൻ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ഗിദയോൻ ’ എന്ന പേരിൽ റെയ്ഡ്. അമേരിക്കയിലെ വിരമിച്ച സൈനികരുടെ നേതൃത്വത്തിൽ വെനസ്വേലയിലെ മഡുറോ വിരുദ്ധർ നടപ്പാക്കിയ ഓപ്പറേഷൻ അടിമുടി പാളി. പദ്ധതിയെക്കുറിച്ച് നേരത്തേതന്നെ മഡുറോയ്ക്കു വിവരം ലഭിച്ചിരുന്നു.
2024 ജൂലൈ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചതായി മഡുറോയുടെ അവകാശവാദം. തെരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമത്വം നടന്നതായി അമേരിക്കയും പാശ്ചാത്യശക്തികളും ആരോപിച്ചു.
2025 ജനുവരി-ഓഗസ്റ്റ്: അമേരിക്കൻ പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തിയ ഡോണൾഡ് ട്രംപ് വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിനെതിരേ സമ്മർദതന്ത്രങ്ങൾ ശക്തമാക്കി. മഡുറോയുടെ അറസ്റ്റിനു സഹായിക്കുന്നവർക്കുള്ള പാരിതോഷികം അഞ്ച് കോടി ഡോളറായി ഉയർത്തി. വെനസ്വേലയിലെ കാർട്ടൽ ഓഫ് ദ സൺസ്, ട്രെൻ ഡി ആരാഗ്വാ എന്നീ മയക്കുമരുന്ന് സംഘടനകളെ വിദേശ തീവ്രവാദ പ്രസ്ഥാനങ്ങളായി മുദ്രകുത്തി.
2025 സെപ്റ്റംബർ: ഓപ്പറേഷൻ സതേൺ സ്പിയർ എന്നപേരിൽ അമേരിക്ക സൈനിക നടപടി ആരംഭിച്ചു. വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ യുഎസ് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചു. മയക്കുമരുന്ന് കടത്തുന്നു എന്നാരോപിച്ച് ബോട്ടുകൾ ആക്രമിക്കാൻ തുടങ്ങി. 30 ആക്രമണങ്ങളിൽ 110 പേരെങ്കിലും കൊല്ലപ്പെട്ടു.
2025 ഡിസംബർ: വെനസ്വേലയിൽനിന്ന് എണ്ണയുമായി പുറപ്പെട്ട രണ്ട് ചരക്കുകപ്പലുകൾ അമേരിക്കൻ കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തു.
ഇന്നലെ
- വെനസ്വേലൻ സമയം പുലർച്ചെ 2.00: തലസ്ഥാനമായ കാരക്കാസിൽ ഒട്ടനവധി സ്ഫോടനങ്ങൾ. ഫുവർട്ടേ ടിയുവാന സൈനിക താവളത്തിലും ആക്രമണം. കാരക്കാസിനു മുകളിൽ താഴ്ന്നു പറക്കുന്ന വിമാനങ്ങൾ ദൃശ്യമായി.
- 4.30 മണി: വെനസ്വേലയിൽ നടത്തിയ വൻ ആക്രമണം വിജയമായിരുന്നുവെന്നും മഡുറോയേയും അദ്ദേഹത്തിന്റെ പത്നിയെയും പിടികൂടി വിമാനത്തിൽ വെനസ്വേലയിൽനിന്നു കൊണ്ടുപോയെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.
- 5.00-12.00 മണി: കാരക്കാസിലുണ്ടായ ആക്രമണം വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോദ്രിഗസ് സ്ഥിരീകരിച്ചു. എന്നാൽ, മഡുറോ എവിടെയാണെന്നറിയില്ലെന്നും പറഞ്ഞു.
- കാരക്കാസിൽ ഓപ്പറേഷൻ നടത്തിയത് ഡെൽറ്റ ഫോഴ്സ് ആണെന്ന് അമേരിക്കൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. അമേരിക്കൻ ഭാഗത്ത് ആളപായമില്ല.
- സ്വേച്ഛാധിപതി പോയെന്നും വെനസ്വേലയ്ക്കു പുതിയ പ്രഭാതമെന്നും അമേരിക്കൻ വിദേശകാര്യവകുപ്പിന്റെ പ്രഖ്യാപനം.